കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ കൈമാറാൻ മൊബൈൽ കമ്പനികൾക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകാൻ കോടതി ഉത്തരവിട്ടു.(Sabarimala gold theft case, High Court orders mobile companies to hand over phone records)
ഹൈക്കോടതി ദേവസ്വം ബെഞ്ച് അടച്ചിട്ട മുറിയിലാണ് കേസിന്റെ പുരോഗതി വിലയിരുത്തിയത്. എസ്.പി കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളുടെയും സംശയിക്കപ്പെടുന്നവരുടെയും 2019 മുതലുള്ള ഫോൺ രേഖകൾ പരിശോധിക്കേണ്ടത് ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ അനിവാര്യമാണ്. മൊബൈൽ കമ്പനികൾ സഹകരിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് എസ്.പി ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടൽ.
ശേഖരിച്ച സാമ്പിളുകൾ ലാബിൽ പരിശോധന നടത്തുന്നത് സംബന്ധിച്ചും കോടതിയെ അറിയിച്ചു. പ്രതികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വിവരങ്ങൾ എന്നിവയിൽ വിശദമായ പരിശോധന പുരോഗമിക്കുകയാണ്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉൾപ്പെടെയുള്ളവർക്ക് ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നു.



