തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. അനിശ്ചിതകാല ഒ.പി ബഹിഷ്കരണത്തിനും അധ്യാപന ബഹിഷ്കരണത്തിനും പിന്നാലെ, ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.(Medical college doctors’ strike intensifies, Non-emergency surgeries to be suspended from today)
സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന രീതിയിലേക്കാണ് സമരം വ്യാപിക്കുന്നത്. ഫെബ്രുവരി 26 മുതൽ എല്ലാവിധ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കാൻ ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത ഓപ്പറേഷനുകൾ ഇന്ന് മുതൽ നടത്തില്ല. എന്നാൽ അത്യാഹിത വിഭാഗങ്ങളെയും അത്യാവശ്യ ശസ്ത്രക്രിയകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശമ്പള കുടിശ്ശിക നൽകുന്നതിന് നിലവിൽ നിയമതടസ്സങ്ങളൊന്നുമില്ലെന്ന് നിയമവകുപ്പ് റിപ്പോർട്ട് നൽകിയിട്ടും സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് സംഘടന ആരോപിക്കുന്നു. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് പി.ജി ഡോക്ടർമാരും രംഗത്തെത്തിയിരുന്നെങ്കിലും, ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവർ ഒ.പി ബഹിഷ്കരണം പിൻവലിച്ചു. അർഹമായ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിടുകയാണെന്ന് കെ.ജി.എം.സി.ടി.എ കുറ്റപ്പെടുത്തി. നിയമോപദേശം അനുകൂലമായിട്ടും ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവമാണ് സമരം കടുപ്പിക്കാൻ കാരണമായതെന്ന് ഇവർ വ്യക്തമാക്കി.



