തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി (Navakerala Survey Supreme Court). സർക്കാരിന്റെ ഭരണനിർവഹണാധികാരത്തിൽ (Executive power) കോടതി ഇടപെട്ടത് ഗുരുതരമായ പിഴവാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്നങ്ങൾക്ക് വഴിതുറക്കുമെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതിയിൽ സർക്കാർ ഉന്നയിച്ച പ്രധാന വാദങ്ങൾ
സർവേ നടത്തുന്നത് മന്ത്രിസഭയുടെ പൂർണ്ണമായ അനുമതിയോടെയാണ്. ഇതിൽ കോടതി ഇടപെടുന്നത് ശരിയല്ല. നിയമസഭ പാസാക്കിയ ബജറ്റിൽ വകയിരുത്തിയ പണമാണ് സർവേയ്ക്കായി ചെലവഴിക്കുന്നത്. ധനകാര്യ അനുമതിയില്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണ്.
വിവരശേഖരണത്തിന്റെ ലക്ഷ്യം: സർക്കാർ പദ്ധതികൾ ജനങ്ങളിൽ എങ്ങനെയെത്തുന്നു എന്നും ഭാവി വികസനത്തിന് എന്ത് വേണം എന്നും അറിയാനാണ് സർവേ നടത്തുന്നത്.
അതേസമയം , ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് സർവേ നടത്തുന്നതെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർവേ റദ്ദാക്കിയത്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലായിരുന്നു കോടതി വിധി. സർക്കാർ പണം ഉപയോഗിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി സിപിഎം നടത്തുന്ന വിവരശേഖരണമാണിതെന്നായിരുന്നു ഹർജിക്കാരുടെ വാദം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ തുടങ്ങിയതെന്ന ആരോപണവും ഹൈക്കോടതി വിധിയിൽ നിർണ്ണായകമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുന്ന വിധി സർക്കാരിന് രാഷ്ട്രീയമായി നിർണ്ണായകമാകും.



