ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അയൽരാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് എന്നിവരെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അറിയിച്ചു. ചൈനീസ് പ്രസിഡന്റിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.(Tarique Rahman government to take charge in Bangladesh on Tuesday, Invitation to PM Modi and Pakistan PM)
സത്യപ്രതിജ്ഞാ ദിനമായ ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്കയിലെ ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകാര്യമന്ത്രിയോ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും. പാക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതിലെ നയതന്ത്ര വശങ്ങളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘സാർക്കിന്റെ’ സാന്നിധ്യം ചടങ്ങിൽ ഉറപ്പാക്കാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.
രാജ്യതാൽപര്യങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വിദേശനയം ഇതിനടിസ്ഥാനമായിരിക്കുമെന്നും താരിഖ് റഹ്മാൻ വ്യക്തമാക്കി. അധികാരമേൽക്കുന്നതിന് മുന്നോടിയായി ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. ഷെയ്ഖ് ഹസീനയുടെ പുറത്തുപോക്കിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി അധികാരം പിടിച്ചെടുത്തത്.



