കൊച്ചി: ആലുവ മണപ്പുറം മഹാശിവരാത്രി ആഘോഷങ്ങൾക്കായി സർവ്വസജ്ജമായി. പിതൃപുണ്യത്തിനായി പെരിയാറിന്റെ തീരത്തേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാൽ വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെടുന്നത്.(Today is Maha Shivratri, Lakhs of people flock to Aluva Manappuram)
ഞായറാഴ്ച അർദ്ധരാത്രിയോടെ ഔദ്യോഗികമായി ബലിതർപ്പണം ആരംഭിക്കും. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ബലിയിടാം. ചൊവ്വാഴ്ച കുംഭമാസത്തിലെ അമാവാസിയായതിനാൽ അന്നേദിവസം വാവുബലിയും നടത്താവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകളാണ് സജ്ജമാക്കിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ ബലിതർപ്പണ നിരക്ക് 100 രൂപയാണ്.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി വിപുലമായ സംവിധാനങ്ങളാണ് നഗരസഭയും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കിയിരിക്കുന്നത്. 1500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സിസിടിവി, വാച്ച് ടവർ, മഫ്തി പോലീസ്, സ്കൂബ ടീം എന്നിവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ഭക്തർക്കായി ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.
കെഎസ്ആർടിസി 210 സ്പെഷ്യൽ സർവീസുകൾ നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും രാത്രികാലങ്ങളിൽ പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ശിവരാത്രി പ്രമാണിച്ച് ആലുവ നഗരത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ തിങ്കളാഴ്ച പകൽ 2 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്നവർ വലതുഭാഗത്തുകൂടി പ്രവേശിക്കുകയും ഇടതുഭാഗത്തുകൂടി തിരികെ പോവുകയും വേണം. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഭക്തർക്കായി അന്നദാനവും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ വ്യാപാരമേളയ്ക്കും ഇന്ന് തുടക്കമാകും.



