തൃശ്ശൂർ: ഗുരുവായൂർ ഇരിങ്ങപ്പുറത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പലിശക്കാരുടെ നിരന്തരമായ ഭീഷണിയെത്തുടർന്നാണ് ജുമൈല (50) ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു (Guruvayur Woman Death). ഇരിങ്ങപ്പുറം സ്വദേശി ഷിഹാബിന്റെ ഭാര്യയാണ് ജുമൈല. വ്യാഴാഴ്ച പുലർച്ചെയാണ് വീടിന് സമീപത്തെ പറമ്പിൽ ജുമൈലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുൻപ് നാട്ടുകാരിയായ ഒരു സ്ത്രീയിൽ നിന്ന് ജുമൈല 50,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന്റെ പലിശയായി മാസം പതിനായിരം രൂപ വീതം എട്ടു മാസത്തോളം നൽകി. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പണം നൽകാൻ കഴിയാതിരുന്നതിനെത്തുടർന്ന് പലിശക്കാരി ഇവരെ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പലിശക്കാരുടെ ഭീഷണി സഹിക്കവയ്യാതെയാണ് താൻ ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലെ ഉള്ളടക്കം.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് ഗുരുവായൂർ പോലീസ് കേസെടുത്തിരിക്കുന്നത്. കുടുംബം നൽകിയ പരാതിയുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തിൽ പലിശക്കാരിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം.
Summary: The death of a 50-year-old woman in Guruvayur has been linked to harassment by a money lender, according to a suicide note found later. Police have launched an investigation into the allegations of mental torture over interest dues.



