ആലപ്പുഴ: എസ്ഡി കോളജിൽ നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതായി കണ്ടെത്തി (SD College Alappuzha Exam Issue). റെഗുലർ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും, സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്ക് റെഗുലർ ചോദ്യപേപ്പറുമാണ് അധ്യാപകർ വിതരണം ചെയ്തത്. പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതിരുന്നതാണ് ഈ വലിയ പിഴവിന് കാരണമായത്.
ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി നടന്ന പരീക്ഷകളിലാണ് അപാകത സംഭവിച്ചത്. മൂല്യനിർണ്ണയത്തിനായി പേപ്പറുകൾ സർവകലാശാലയിൽ എത്തിയപ്പോഴാണ് കോഡ് മാറിയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫെബ്രുവരി നാലു മുതൽ സർവകലാശാല ഫലങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും, ചോദ്യപേപ്പർ മാറിയ വിഷയങ്ങളുടെ ഫലം മാത്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് വിദ്യാർഥികളെയും രക്ഷിതാക്കളെയും വലിയ ആശങ്കയിലാക്കി.
പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായി പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു. ചോദ്യപേപ്പർ മാറി നൽകിയതിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.
കോളജ് അധികൃതരുടെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകരുടെയും അനാസ്ഥയ്ക്കെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ ക്യാമ്പസിൽ സമരം നടത്തി. വിദ്യാർഥികളുടെ ഒരു സെമസ്റ്റർ തന്നെ നഷ്ടമാകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.



