ന്യൂഡൽഹി: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരെ ആവേശകരമായ ജയം സ്വന്തമാക്കി യുഎഇ. കാനഡ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ യുഎഇ മറികടന്നു (UAE vs Canada T20 World Cup 2026). ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ട യുഎഇയ്ക്ക് ഈ വിജയം ടൂർണമെന്റിൽ പുത്തൻ പ്രതീക്ഷ നൽകുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കാനഡ ഹർഷ് താക്കറുടെ (50) അർധസെഞ്ചുറി മികവിലാണ് 150 റൺസിലെത്തിയത്. നവനീത് ധാലിവാല് (34), ശ്രേയസ് മോവ്വ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. യുഎഇ ബൗളർ ജുനൈദ് സിദ്ദിഖിന്റെ തകർപ്പൻ ബൗളിംഗാണ് കാനഡയെ കൂറ്റൻ സ്കോറിൽ നിന്നും തടഞ്ഞത്. താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി.
151 റൺസ് ലക്ഷ്യമിട്ടിറങ്ങിയ യുഎഇയ്ക്ക് വേണ്ടി ആര്യാൻഷ് ശർമ്മ (74), സൊഹൈബ് ഖാൻ (51) എന്നിവർ അർധസെഞ്ചുറികളുമായി തിളങ്ങി. കാനഡയ്ക്കായി സാദ് ബിൻ സഫർ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും യുഎഇയെ തടയാനായില്ല. ഈ പരാജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ യുഎഇയോടും തോറ്റ കാനഡയുടെ ലോകകപ്പ് പ്രതീക്ഷകൾ മങ്ങുകയാണ്.



