പാലക്കാട്: തണ്ണിമത്തൻ ലോറിയിൽ സ്ഫോടകശേഖരം കടത്തിയ കേസിൽ അറസ്റ്റിലായ അകമ്പടി വാഹനത്തിന്റെ ഡ്രൈവർ ദുരൈരാജിന് സ്ഫോടക കടത്തുമായി ബന്ധമില്ലെന്ന് കുടുംബം. ധർമ്മപുരിയിലെ ടാക്സി ഡ്രൈവറായ ദുരൈരാജ് ഉടമയുടെ നിർദ്ദേശപ്രകാരം ഓട്ടം പോയതാണെന്നും, ഇതിൽ ഗൂഢാലോചനയില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. (Explosives smuggling in lorry, Family says driver is innocent)
കേസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. വർഷങ്ങളായി ടാക്സി ഓടിക്കുന്ന വ്യക്തിയാണ് ദുരൈരാജ്. സംഭവദിവസം കാറുടമ പറഞ്ഞതനുസരിച്ചാണ് കോയമ്പത്തൂരിലേക്ക് ഓട്ടം പോയത്. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ പറഞ്ഞതനുസരിച്ചാണ് പാലക്കാട് വരെ എത്തിയതെന്നും കുടുംബം പറയുന്നു.
യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ദുരൈരാജിനെ ബലിയാടാക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, ദുരൈരാജിന്റെ വാദങ്ങൾ പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കാറിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനൊപ്പം ഇയാൾ നേരത്തെയും യാത്ര ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുമായി പോലീസ് തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തി.



