ബെംഗളൂരു: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് കാര്യമായ സ്വാധീനം ചെലുത്തിയില്ല. കർണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പണിമുടക്ക് ദിവസമായ വ്യാഴാഴ്ചയും ജനജീവിതം സാധാരണ നിലയിലാണ്.(National strike, Life returns to normal in Bengaluru and Chennai)
ബെംഗളൂരു നഗരത്തിൽ ഗതാഗത തടസ്സങ്ങളോ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യമോ ഇല്ല. ബെല്ലാരി റോഡ്, പാലസ് റോഡ് തുടങ്ങിയ പ്രധാന പാതകളിൽ പതിവുപോലെ വാഹനത്തിരക്ക് അനുഭവപ്പെട്ടു. ഫ്രീഡം പാർക്കിൽ ട്രേഡ് യൂണിയനുകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ ഒഴിച്ചാൽ പണിമുടക്കിന്റെ ലക്ഷണങ്ങളൊന്നും നഗരത്തിലില്ല.
ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും പണിമുടക്ക് ബാധിച്ചിട്ടില്ല. ചെന്നൈയിൽ പൊതുഗതാഗത സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. കോയമ്പത്തൂരിൽ തൊഴിലാളി സംഘടനകൾ മാർച്ച് സംഘടിപ്പിച്ചു. തൂത്തുക്കുടി പോലുള്ള ചില മേഖലകളിൽ ബാങ്കുകൾ അടഞ്ഞുകിടന്നത് ഒഴിച്ചാൽ വലിയ സ്തംഭനം ഉണ്ടായില്ല.
പണിമുടക്ക് ഭാഗികമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ട്രാൻസ്‌പോർട്ട് ജീവനക്കാർ സമരത്തിൽ പങ്കാളികളായതോടെ ബസ് സർവീസുകൾ തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിൽ സമ്മിശ്ര പ്രതികരണമാണ് പണിമുടക്കിനോട് ലഭിച്ചത്. സർക്കാർ ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. സ്കൂളുകൾ തുറന്നു പ്രവർത്തിച്ചു. ജാദവ്പുർ, പ്രസിഡൻസി സർവകലാശാലകളിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ മാർച്ചുകൾ നടന്നു. കേരളത്തിൽ പണിമുടക്ക് ജനജീവിതത്തെ പൂർണ്ണമായി ബാധിക്കുമ്പോൾ, മറ്റ് സംസ്ഥാനങ്ങളിൽ ഇത് കേവലം പ്രതീകാത്മകമായ പ്രതിഷേധമായി ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.



