തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച ചെയ്യുമെന്ന് മേയർ വി.വി. രാജേഷ്. ഡൽഹി യാത്രയുടെ ഗുണഫലം വരാനിരിക്കുന്ന ബജറ്റിൽ ഉൾപ്പെടെ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കാൻ ഡൽഹിയിലെത്തിയിരിക്കുന്നത്.(Development projects will be discussed with the Prime Minister, says Mayor VV Rajesh)
ഫെബ്രുവരി 13-നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നഗരസഭയുടെ വികസനത്തിനായി കേന്ദ്രസഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരുമായും സംഘം ചർച്ചകൾ നടത്തും.
മേയറും കൗൺസിലർമാരും നഗരത്തിലില്ലാത്തത് ഭരണത്തെ ബാധിക്കില്ലെന്ന് വി.വി. രാജേഷ് വ്യക്തമാക്കി. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. കൂടാതെ, നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചല്ല ഈ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള എക്സ്പ്രസിലാണ് കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചത്. യാത്രാമധ്യേ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സംഘത്തിന് ആവേശകരമായ സ്വീകരണം ലഭിച്ചു. പാറ്റൂർ രാധാകൃഷ്ണൻ ഈ സംഘത്തിനൊപ്പം യാത്രയിലില്ല. ഫെബ്രുവരി 13-ന് കൂടിക്കാഴ്ചകൾ പൂർത്തിയാക്കി സംഘം തിരികെ കേരളത്തിലേക്ക് തിരിക്കും.



