ബെംഗളൂരു: കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷിന്റെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ ആന്റണിയാണ് പിടിയിലായത്. 300 ഗ്രാം സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും അടങ്ങിയ ബാഗാണ് ഇയാൾ കവർന്നത്.(Theft at minister’s office, Government employee arrested for stealing gold and cash)
നവീൻ എന്ന വ്യക്തി നൽകിയ പരാതിയിലാണ് പോലീസ് നടപടി. മന്ത്രിയെ കാണാനായി ആഭരണങ്ങളും പണവും അടങ്ങിയ ബാഗുമായാണ് നവീൻ ഓഫീസിലെത്തിയത്. എന്നാൽ തിരികെ പോയപ്പോൾ ബാഗ് ഓഫീസിൽ മറന്നുവെച്ചു. അല്പസമയത്തിന് ശേഷം തിരികെയെത്തിയപ്പോൾ ബാഗ് അവിടെ ഉണ്ടായിരുന്നില്ല.
പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിലാണ് ജീവനക്കാരനായ ആന്റണിയുടെ സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ആന്റണി കുറ്റം സമ്മതിച്ചു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിൽ നഷ്ടപ്പെട്ട പണവും സ്വർണത്തിന്റെ ഒരു ഭാഗവും പോലീസ് കണ്ടെടുത്തു.



