തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ കോഡുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക് നീണ്ടുനിൽക്കുക. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ സംയുക്തമായി രംഗത്തിറങ്ങുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും നിശ്ചലമാകാൻ സാധ്യതയുണ്ട്.(National strike to start in midnight today)
സി.ഐ.ടി.യു ഉൾപ്പെടെയുള്ള പ്രധാന സംഘടനകൾ പണിമുടക്കുന്നതോടെ വിവിധ മേഖലകളെ ഇത് ബാധിക്കും. ഓട്ടോ, ടാക്സി, സ്വകാര്യ ബസുകൾ എന്നിവ നിരത്തിലിറങ്ങില്ല. തുറമുഖങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഐടി മേഖല, നിർമ്മാണ മേഖല, കയറ്റിറക്ക് തൊഴിൽ എന്നിവ സ്തംഭിക്കും. ടെലികോം, വൈദ്യുതി, ലോട്ടറി വ്യാപാരം, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖല എന്നിവയും പണിമുടക്കിന്റെ ഭാഗമാകും.
വിവാദമായ ലേബർ കോഡുകൾ പിൻവലിക്കുക. ശ്രം ശക്തി നിതി ബിൽ ഉൾപ്പെടെയുള്ള ജനവിരുദ്ധ ബില്ലുകൾ റദ്ദാക്കുക. ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പിൻവലിക്കുക. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുകയും ജോലിസ്ഥിരത ഉറപ്പാക്കുകയും ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



