കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak’s death, Verdict on accused Shimjitha’s bail plea today)
സ്വകാര്യ ബസിൽ വെച്ച് ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലം വരുന്നത് വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുത്, തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഷിംജിത 21 ദിവസമായി റിമാൻഡിൽ കഴിയുകയാണെന്നും ഫോറൻസിക് ഫലം വരാൻ വൈകുമെന്നതിനാൽ ഇനിയും ജയിലിൽ തുടരേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഷിംജിത പകർത്തിയ അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.



