തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും സംസ്ഥാനങ്ങൾ നൽകി വരുന്ന മിനിമം സപ്പോർട്ട് പ്രൈസ് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. അധിക സ്റ്റോക്കും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ബോണസ് നിർത്തലാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം.(Rice procurement bonus, Rajeev Chandrasekhar writes to Union Finance Minister)
ഉൽപ്പാദനം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ല. കേരളത്തിൽ നെൽകൃഷിയും ഉൽപ്പാദനവും വർഷങ്ങളായി കുറഞ്ഞുവരികയാണ്. കേന്ദ്രത്തിന്റെ കരുതൽ ശേഖരത്തിലേക്ക് വലിയ തോതിൽ വിഹിതം നൽകുന്ന സംസ്ഥാനമല്ല കേരളം. അതിനാൽ അധിക ഉൽപ്പാദനം മൂലം കേന്ദ്രത്തിനുണ്ടാകുന്ന സാമ്പത്തിക ഭാരമെന്ന വാദം കേരളത്തിന് ബാധകമല്ല എന്ന് അദ്ദേഹം പറയുന്നു.
ഉൽപ്പാദനച്ചെലവ് കൂടുതലായതിനാലും സംഭരണ സംവിധാനങ്ങളിലെ പാളിച്ചകൾ കാരണവും കേരളത്തിലെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം വൈകിപ്പിക്കുന്നത് കർഷകരെ കടക്കെണിയിലാക്കുന്നു. ഭൂഗർഭജല ചൂഷണം പോലുള്ള കേന്ദ്രത്തിന്റെ ആശങ്കകൾ കേരളത്തിലെ നെൽകൃഷിക്ക് ബാധകമല്ല. ചെറുകിട കർഷകരെ സംരക്ഷിക്കാൻ നിലവിലെ ബോണസ് സംവിധാനം തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.



