മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ആക്രമണം. ഉഫയിലെ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ഡോർമിറ്ററിയിൽ കയറി നാല് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേരെ പതിനഞ്ചുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. നിരോധിത നിയോ-നാസി സംഘടനയുമായി ബന്ധമുള്ള കൗമാരക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ അധികൃതർ പറഞ്ഞു.(4 Indian students stabbed by 15-year-old in Russia)
ഹോളോകോസ്റ്റിനെ അനുകൂലിച്ചും വംശീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു അക്രമി വിദ്യാർത്ഥികളെ നേരിട്ടത്. ആക്രമണത്തിന് ഇരയായവരുടെ രക്തം ഉപയോഗിച്ച് മുറിയിലെ ചുമരിൽ അക്രമി നാസി ചിഹ്നം വരച്ചതായി റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ കുത്തേറ്റു.
പരിക്കേറ്റ നാല് ഇന്ത്യക്കാരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമിക്കും പരിക്കേറ്റു. സംഭവത്തെ അതീവ ദൗർഭാഗ്യകരം എന്നാണ് ഇന്ത്യൻ എംബസി വിശേഷിപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും നിയമസഹായവും ഉറപ്പാക്കാൻ നടപടികൾ ആരംഭിച്ചു.




