കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ അഭിമാനമുയർത്തി ബേപ്പൂർ മണ്ഡലം അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാകുന്നു. സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള മീറ്റിൽ വെച്ച് ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Beypore to be declared an international tourism destination)
ഫെബ്രുവരി 7, 8 തീയതികളിലായി ചെറുവണ്ണൂർ മലബാർ മറീന കൺവെൻഷൻ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ നാല് വർഷത്തിനിടെ 300-ലധികം പേർക്ക് ടൂറിസം മേഖലയിൽ തൊഴിൽ പരിശീലനം നൽകി. ആർ.ടി മിഷൻ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ പ്രത്യേക ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചു. വുമൺ ഫ്രണ്ട്‌ലി നെറ്റ്‌വർക്കിലൂടെ സ്ത്രീകളെ ടൂറിസം പ്രക്രിയയുടെ ഭാഗമാക്കി. 2024-ൽ ഐ.സി.ആർ.ടി ഗോൾഡ് പുരസ്‌കാരവും, കടലുണ്ടി പഞ്ചായത്തിന് മികച്ച ആർ.ടി വില്ലേജ് അവാർഡും ലഭിച്ചിരുന്നു.



