പട്ന: വർഷങ്ങൾ പഴക്കമുള്ള വ്യാജരേഖ ചമയ്ക്കൽ കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1995-ൽ വഞ്ചനയിലൂടെ ഒരാളുടെ വീട് തട്ടിയെടുക്കുകയും അത് ഓഫീസായി ഉപയോഗിക്കുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. (Forgery case, Bihar MP Pappu Yadav arrested)
സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പപ്പു യാദവ് വിമർശനങ്ങൾ കടുപ്പിക്കുന്നതിനിടെയാണ് ഈ പഴയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി വൈകി എംപിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയതോടെ പട്നയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
തന്നെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് പപ്പു യാദവ് ആരോപിച്ചു. ശനിയാഴ്ച താൻ കോടതിയിൽ ഹാജരാകാനിരിക്കെയാണ് പൊലീസ് ഈ ധൃതി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യാൻ വന്ന ഇൻസ്പെക്ടർ റിവോൾവർ ചൂണ്ടിയാണ് എത്തിയതെന്നും രാത്രിയിൽ പൊലീസിനൊപ്പം പോകാൻ കഴിയില്ലെന്നും പപ്പു യാദവ് നിലപാടെടുത്തു.



