ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രസിഡന്റ് ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കുവെച്ച കുറിപ്പ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.(PM Modi thanks Trump for India-US trade deal)
ഈ കരാർ ഇന്ത്യയിലെ കഠിനാധ്വാനികളായ കർഷകർ, സംരംഭകർ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് വലിയ അവസരങ്ങൾ നൽകും. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും സ്ത്രീകൾക്കും യുവാക്കൾക്കും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതി പരമാവധി 18 ശതമാനമായി കുറച്ചു. ഇതിനു പകരമായി അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് നൽകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.
മണിച്ചോളം, സോയാബീൻ ഓയിൽ, പിസ്ത, കശുവണ്ടി, ബദാം, വിവിധ പഴങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ക്ഷീര മേഖലയിൽ നിയന്ത്രിതമായ ഇളവുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി.
കരാർ സംബന്ധിച്ച ട്രംപിന്റെ ഉത്തരവിൽ ഏറ്റവും ശ്രദ്ധേയമായത് റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട കാര്യമാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന വ്യവസ്ഥ കരാറിന്റെ ഭാഗമാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.



