ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയങ്ങളുമായി കളംപിടിച്ച തമിഴക വെട്രി കഴകം നിയമസഭയിലേക്ക് അയക്കുന്നത് പാർട്ടി അധ്യക്ഷൻ വിജയ് വാഗ്ദാനം ചെയ്തതുപോലെ തികച്ചും സാധാരണക്കാരായ പ്രതിനിധികളെ. ഓട്ടോ ഡ്രൈവറും ലോറി ഡ്രൈവറും ഭിന്നശേഷിക്കാരനും ഉൾപ്പെടെയുള്ളവർ ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും അതികായന്മാരെ മലർത്തിയടിച്ചാണ് സഭയിലെത്തുന്നത്.(TVK Commoner Candidates Victory Tamil Nadu Election 2026)
ചെന്നൈയിലെ റോയപുരം മണ്ഡലത്തിൽ നിന്ന് ഓട്ടോ ഡ്രൈവറായ വിജയ് ദാമു പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുൻ മന്ത്രി ഡി. ജയകുമാർ, എ. സുബൈർ ഖാൻ എന്നിവരെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. പൂനമല്ലിയിൽ ലോഡ് വാൻ ഡ്രൈവറായ ആർ. പ്രകാശം നേടിയത് 72,740 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ്. സിറ്റിങ് എംഎൽഎ എ. കൃഷ്ണസ്വാമിയെയാണ് പ്രകാശം അട്ടിമറിച്ചത്.
ആദ്യ ഭിന്നശേഷിക്കാരനായ എംഎൽഎ എന്ന ചരിത്രനേട്ടം ടിവികെ സ്ഥാനാർത്ഥി ജെ. മുനിരത്നം സ്വന്തമാക്കി. ഉതിരമേരൂർ മണ്ഡലത്തിൽ ഡിഎംകെയുടെ കെ. സുന്ദറിനെ 84,916 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 50 ശതമാനം ഭിന്നശേഷിയുള്ള മുനിരത്നം വർഷങ്ങളായി വിജയ് മക്കൾ ഇയക്കത്തിന്റെ സജീവ പ്രവർത്തകനാണ്. വിജയ്‍യുടെ പേഴ്സണൽ അസിസ്റ്റന്റും ഡ്രൈവറുമായ രാജേന്ദ്രന്റെ മകൻ ആർ. ശബരിനാഥനും നിയമസഭയിലെത്തും. വിരുഗമ്പാക്കം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എ.എം.വി. പ്രഭാകര രാജയെ 27,086 വോട്ടുകൾക്കാണ് 30-കാരനായ ശബരിനാഥൻ പരാജയപ്പെടുത്തിയത്.
Story Summary
Vijay’s party TVK has sent commoners, including an auto driver, a van driver, and a physically challenged individual, to the Tamil Nadu Assembly. Candidates like Vijay Damu, R. Prakash, and J. Muniratnam defeated heavyweights from DMK and AIADMK, showcasing a significant shift in the state’s political landscape.

