വാഷിംഗ്ടൺ : അമേരിക്കൻ പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് ഗണ്യമായി വർദ്ധിപ്പിക്കാൻ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുതിയൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നു. പൗരത്വ അപേക്ഷകർക്ക് നിലവിലുള്ള ആനുകൂല്യങ്ങളും ഇളവുകളും വെട്ടിക്കുറയ്ക്കുന്നതാണ് ഈ പുതിയ തീരുമാനം.(US Citizenship Application Fees Proposed Increase)
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറത്തുവിട്ട നിർദ്ദേശപ്രകാരം ഫീസ് ഘടനയിൽ വൻ മാറ്റങ്ങളാണ് വരാൻ പോകുന്നത്. നിലവിൽ 760 ഡോളറുള്ള പേപ്പർ അപേക്ഷാ ഫീസ് 1,330 ഡോളറായും, 710 ഡോളറുള്ള ഓൺലൈൻ അപേക്ഷാ ഫീസ് 1,280 ഡോളറായും ഉയരും. ഏകദേശം 75 ശതമാനത്തോളം വർദ്ധനവാണിത്. പൗരത്വം നിഷേധിക്കപ്പെട്ടാൽ നൽകുന്ന അപ്പീൽ (Form N-336) ഫീസിൽ 77.7 ശതമാനം വർദ്ധനവ് വരും. അതായത് 830 ഡോളറിൽ നിന്ന് 1,475 ഡോളറായി ഇത് ഉയരും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിലവിലുള്ള ഫീ ഇളവുകളും, 400% ഫെഡറൽ പോവർട്ടി ലൈനിന് താഴെയുള്ളവർക്ക് ലഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള അപേക്ഷാ സൗകര്യവും ഈ പുതിയ നിർദ്ദേശത്തിലൂടെ എടുത്തുമാറ്റും. യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവർക്കുള്ള ഫീ ഇളവുകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള മുഴുവൻ ചെലവും അപേക്ഷകരിൽ നിന്ന് തന്നെ ഈടാക്കുന്ന രീതിയിലേക്ക് മാറാനാണ് അധികൃതരുടെ നീക്കം.
നിലവിൽ മറ്റ് ഇമിഗ്രേഷൻ ഫീസുകളിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് പൗരത്വ അപേക്ഷകളുടെ ചെലവുകൾ പരിഹരിക്കുന്നത്. ഇത് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. എച്ച്-1ബി (H-1B) വിസ വഴി എത്തി പിന്നീട് ഗ്രീൻ കാർഡ് സ്വന്തമാക്കിയ ഇന്ത്യക്കാർക്ക് ഈ തീരുമാനം വലിയൊരു സാമ്പത്തിക തിരിച്ചടിയാകും. മധ്യവർഗ്ഗ കുടുംബങ്ങളെയും വിരമിച്ചവരെയും ഇത് സാരമായി ബാധിക്കും. നിലവിൽ പലരും ഫീ ഇളവുകൾ ഉപയോഗപ്പെടുത്തിയാണ് പൗരത്വത്തിന് അപേക്ഷിക്കുന്നത്, എന്നാൽ പുതിയ നിയമം നിലവിൽ വന്നാൽ അവർക്ക് ഉയർന്ന തുക നേരിട്ട് നൽകേണ്ടി വരും. ഇതൊരു അന്തിമ തീരുമാനമല്ല. നിലവിൽ ഇതൊരു ‘നോട്ടീസ് ഓഫ് പ്രൊപ്പോസ്ഡ് റൂൾ മേക്കിംഗ്’ ആണ്. അടുത്ത 60 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് ഈ നിർദ്ദേശത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. ഈ കാലയളവിന് ശേഷമേ ഫീസിൽ എന്തെങ്കിലും മാറ്റം വരുത്തുകയുള്ളൂ. അതുവരെ പഴയ നിരക്കിൽ തന്നെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Story Summary
The US Department of Homeland Security has proposed a significant hike in naturalization fees, raising costs by up to 75% and eliminating fee waivers and reduced-cost options for low-income applicants. This move, which would impact thousands of legal immigrants including many Indians, is currently in a 60-day public comment phase before any final implementation.

