റിയാദ്: ഔദ്യോഗിക പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് മുതിരുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികളുമായി സൗദി അറേബ്യ. ഹജ്ജ് സീസൺ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. നിയമലംഘകർക്ക് 20,000 റിയാൽ പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലും നേരിടേണ്ടി വരും (Saudi Hajj Permit Rules).
ഏപ്രിൽ 18 (ദുൽഖഅദ് ഒന്ന്) മുതൽ മെയ് 31 (ദുൽഹിജ്ജ 14) വരെയുള്ള കാലയളവിൽ വിസിറ്റ് വിസയിൽ എത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കാൻ അനുമതിയില്ല. ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രിൽ 18 ആയിരുന്നു. പെർമിറ്റില്ലാത്തവർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ നൽകുന്നവർക്കും ലക്ഷം റിയാൽ വരെ പിഴ ലഭിക്കും. നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും സാധ്യതയുണ്ട്.
നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുക മാത്രമല്ല, 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ശിക്ഷാനടപടികൾ നേരിടുന്നവർക്ക് 30 ദിവസത്തിനുള്ളിൽ കമ്മിറ്റിക്കും 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിലും അപ്പീൽ നൽകാൻ അവസരമുണ്ട്. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള ഈ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്ന് സൗദി മന്ത്രാലയം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 911 എന്ന നമ്പറിൽ അറിയിക്കാനും നിർദ്ദേശമുണ്ട്.
Summary: Saudi Arabia has announced strict penalties for those attempting to perform Hajj without an official permit. Violators face a fine of 20,000 Riyals and immediate deportation for expatriates. From April 18 to May 31, visit visa holders are barred from entering Makkah and other holy sites. Those assisting illegal pilgrims, including providing transportation or accommodation, face fines up to 100,000 Riyals and potential vehicle confiscation. Deported individuals will be banned from re-entering Saudi Arabia for 10 years.

