ഹവാന: അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ പൂർണ്ണമായും ഇരുട്ടിലായിരുന്ന ക്യൂബ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുന്നു. രാജ്യത്തെ പവർ ഗ്രിഡ് വീണ്ടും ബന്ധിപ്പിച്ചതായും പ്രധാന എണ്ണ അധിഷ്ഠിത പവർ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതായും സർക്കാർ അറിയിച്ചു. എന്നാൽ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽ നിന്നുള്ള ഇന്ധനക്കപ്പലുകൾ എത്തുന്നതും കാത്തിരിക്കുകയാണ് രാജ്യം.(Power grid partially restored in Cuba, Russia to the rescue)
ഏകദേശം പത്തു ദശലക്ഷം ജനങ്ങൾ ഇരുട്ടിലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. പലയിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. ക്യൂബയിലേക്കുള്ള എണ്ണ വിതരണം തടഞ്ഞതിന് പിന്നാലെ, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ക്യൂബൻ സർക്കാരിന്റെ കഴിവില്ലായ്മയാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആരോപിച്ചു.
അമേരിക്ക തങ്ങളുടെ വിഭവങ്ങളും സമ്പദ്‌വ്യവസ്ഥയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ തിരിച്ചടിച്ചു. വെനിസ്വേലയിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ ഉപരോധം വരിഞ്ഞുമുറുക്കുമ്പോൾ ക്യൂബയ്ക്ക് ആശ്വാസമായി റഷ്യൻ എണ്ണക്കപ്പലുകൾ കരീബിയൻ കടലിലേക്ക് നീങ്ങുകയാണ്.

