ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ തർലായ് മേഖലയിലുള്ള ഖദീജത്തുൽ കുബ്റ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു (ISIS claims Islamabad mosque attack). വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. 169-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2008-ലെ മാരിയറ്റ് ഹോട്ടൽ സ്ഫോടനത്തിന് ശേഷം ഇസ്ലാമാബാദ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്ഫോടകവസ്തുക്കൾ നിറച്ച ജാക്കറ്റ് ധരിച്ചെത്തിയ ചാവേർ പള്ളിയുടെ പ്രധാന കവാടത്തിൽ വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. തോക്കേന്തിയ ചാവേറിന്റെ ചിത്രവും അവർ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനത്തിന് തൊട്ടുമുമ്പ് പള്ളിക്ക് പുറത്ത് സുരക്ഷാ ജീവനക്കാരും ഭീകരനും തമ്മിൽ വെടിവെയ്പ്പ് നടന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്ന് (ഫെബ്രുവരി 7) സംസ്കരിക്കും. ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.
Summary: The Islamic State (IS) has claimed responsibility for the suicide bombing at a Shia mosque in Islamabad, which killed 31 people and injured 169. This is the deadliest attack in the capital since 2008.



