ഗാസ: ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങൾ. നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാസയിൽ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് ഈ വോട്ടെടുപ്പിനെ ചരിത്രപരമാക്കുന്നു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തുവരും.(Gaza holds first elections in 20 years amid stalled ceasefire process)
സെൻട്രൽ ഗാസയിലെ ദെയർ അൽ ബലാഹ് മുനിസിപ്പാലിറ്റിയിലാണ് ഗാസയിൽ വോട്ടെടുപ്പ് നടന്നത്. ഇവിടെ ഏകദേശം 22.7% പോളിംഗ് രേഖപ്പെടുത്തി. യുദ്ധ സാഹചര്യത്തിൽ ജനങ്ങൾ വലിയ തോതിൽ കുടിയൊഴിപ്പിക്കപ്പെടാത്ത മേഖല എന്ന നിലയിലാണ് ഇവിടം തെരഞ്ഞെടുപ്പിനായി തിരഞ്ഞെടുത്തത്. വെസ്റ്റ് ബാങ്കിലെ വിവിധ പ്രാദേശിക ഭരണകൂടങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 53.4% പോളിംഗ് രേഖപ്പെടുത്തി. 5.12 ലക്ഷത്തിലധികം ആളുകൾ ഇവിടെ വോട്ട് രേഖപ്പെടുത്തി.
ബാലറ്റ് ബോക്സുകളും മഷിയും എത്തിക്കാൻ തടസ്സങ്ങൾ നേരിട്ടെങ്കിലും, ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി. ഗാസയിൽ വൈകീട്ട് 5 മണിക്കും വെസ്റ്റ് ബാങ്കിൽ രാത്രി 7 മണിക്കുമാണ് വോട്ടെടുപ്പ് അവസാനിച്ചത്. ഫത്ത, ഹമാസ് എന്നീ സംഘടനകൾ ഔദ്യോഗികമായി തങ്ങളുടെ ബാനറിൽ സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിലും, ഇവരുമായി ബന്ധമുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു പ്രധാന മത്സരം.

