ഗസ: ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ അസ്ഥിരപ്പെടുത്തിക്കൊണ്ട് ഗസയിൽ ഇസ്രായേൽ നടത്തിയ ടാങ്ക് ആക്രമണത്തിലും വ്യോമാക്രമണത്തിലും ഏഴ് കുട്ടികളടക്കം 24 പലസ്തീനികൾ കൊല്ലപ്പെട്ടു (24 killed in Gaza strikes). തെക്കൻ നഗരമായ ഖാൻ യൂനിസിൽ ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനെത്തിയ ഒരു ആരോഗ്യ പ്രവർത്തകനും രണ്ടാമതുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗസയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഹമാസ് പോരാളികൾ തങ്ങളുടെ സൈനികർക്ക് നേരെ വെടിയുതിർത്തതിനും ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റതിനും പകരമായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം. ഇസ്ലാമിക് ജിഹാദ് കമാൻഡറെയും ഇസ്രായേൽ സൈന്യം വധിച്ചു. റഫ അതിർത്തി തുറന്നതിന് പിന്നാലെ ഉണ്ടായ ഈ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിനെ തകർക്കാനുള്ള നീക്കമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ രക്തച്ചൊരിച്ചിൽ വലിയ ആശങ്കയാണ് മേഖലയിൽ സൃഷ്ടിക്കുന്നത്.
Summary: Israeli shelling and airstrikes killed 24 Palestinians, including seven children, in Gaza on Wednesday, amid ongoing violations of the months-old ceasefire.

