Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeThe Adventure Atlasഅന്റാർട്ടിക്കയിലെ നിലക്കാത്ത രക്തപ്രവാഹം | Blood Falls in Antarctica

അന്റാർട്ടിക്കയിലെ നിലക്കാത്ത രക്തപ്രവാഹം | Blood Falls in Antarctica

🎙️ Latest Podcast

മഞ്ഞുമൂടികിടക്കുന്ന ഒരു ഗ്ലേസിയർ, അതിന്റെ ഒരു വശത്തുകൂടി രക്തത്തിന്റെ നിറത്തിൽ ചെറിയ ചാലൊഴുകുന്നു (Blood Falls in Antarctica). ഒരേസമയം കണ്ണിനുകുളിർമയും അതുപോലെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന കാഴ്ച്ച. എങ്ങനെയാകും മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് ചുവന്ന നിറത്തിൽ ഒരു ചാൽ ഒഴുകുന്നത്. അന്റാർട്ടിക്കയിലാണ് ബ്ലഡ് ഫാൾസ് എന്ന അത്ഭുതകരമായ ഈ പ്രതിഭാസം. കിഴക്കൻ അന്റാർട്ടിക്കയിലെ മക്മർഡോ ഡ്രൈ താഴ്വരയിലെ മഞ്ഞുമൂടിയ ടെയ്ലർ ഹിമപാളികളുടെ വിടവിൽക്കൂടി ബോണി തടാകത്തിന്റെ ഉപരിതലത്തിലേക്ക് ഒഴുകിയെത്തുന്ന ചുവന്ന ജലപ്രവാഹം. 54 കിലോമീറ്ററോളം നീളത്തിൽ പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്ലർ ഹിമാനി. സമുദ്രനിരപ്പിൽ നിന്ന് 1,000 മീറ്റർ ഉയരത്തിലാണ് ബ്ലഡ് ഫാൾസ് സ്ഥിതിചെയ്യുന്നത്.

1911ൽ ഓസ്ട്രേലിയൻ ജിയോളജിസ്റ്റ് ഗ്രിഫിത്ത് ടെയ്ലറാണ് ആദ്യമായി നദിയിലെ അത്ഭുതകരമായ പ്രതിഭാസം കണ്ടെത്തുന്നത്. തുടർന്ന് നിരവധി പഠനങ്ങൾ ബ്ലഡ് ഫാൾസിനെ കുറിച്ച് നടത്തുകയുണ്ടായി. ടെയ്ലർ ഉൾപ്പെടെയുള്ള വിദഗ്ധർ ആദ്യകാലങ്ങളിൽ കരുതിയിരുന്നത് മഞ്ഞുപാളികളിലെ ചുവന്ന ആൽഗെകളാണ് ചുവപ്പൻ പ്രതിഭാസത്തിനു കാരണം .എന്നാൽ ആൽഗയുടെ ഉറവിടം വ്യക്തമായിരുന്നില്ല. ഏകദേശം നൂറുവർഷങ്ങൾക്ക് ശേഷമാണ് ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യം കണ്ടുപിടിച്ചത്.

വെള്ളച്ചാട്ടത്തിൽ ഇരുമ്പിന്റെ അളവ് ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഹിമാനിയിൽ നിന്ന് വെള്ളം പുറത്തുവരുമ്പോൾ വായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിക്കുകയും രക്തരൂക്ഷിതമായ കടും ചുവപ്പ് നിറം നൽകുകയും ചെയ്യുന്നു. ടെയ്ലർ ഗ്ലേസിയറിൽ നിന്നുള്ള വെള്ളത്തിൽ നിന്നും വ്യത്യസ്തമായി, ബ്ലഡ് ഫാൾസിലെ വെള്ളത്തിൽ ഉപ്പിൻ്റെ അളവ് വളരെ കൂടുതലാണ്.ഇത് ഹിമാനിയുടെ ഒരു പ്രത്യേക സ്രോതസ്സിലേക്ക് വിരൽ ചൂണ്ടുന്നു. 2017 ൽ, ഗവേഷകർ, വെള്ളച്ചാട്ടത്തിൽ മറഞ്ഞിരിക്കുന്ന 1,300 അടി താഴ്ചയിലെ മറ്റൊരു തടാകം കണ്ടെത്തി.എന്നാൽ ഇപ്പോഴും ഇതിന്റെ വലിപ്പം വ്യക്തമല്ല.

പക്ഷേ ടെയ്ലർ ഗ്ലേസിയർ ഉറച്ചുനിൽക്കുന്നതിന് മുമ്പ്, പുരാതന കടൽവെള്ളം മക്മർഡോ ഡ്രൈ താഴ്വരകളിലെ മഞ്ഞുവീഴ്ചയില്ലാത്ത താഴ്വരകളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇത് രൂപപ്പെട്ടതായി ഗവേഷകർ കരുതുന്നു. താഴ്വരയിൽ വെള്ളപൊക്കം ഉണ്ടായത് എപ്പോഴാണ് എന്നത് വ്യക്തമല്ല, ഏകദേശം 5.5 ദശലക്ഷത്തിനും 20,000 വർഷങ്ങൾക്കും ഇടയിലാണ് എന്ന് കണക്കാക്കുന്നു. ഹിമാനികൾ മരവിക്കുന്നതിനും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, സമുദ്രജലം ഈ പ്രദേശത്ത് ഒഴുകിയപ്പോൾ രൂപപ്പെട്ടതാകാം ഈ തടാകം എന്ന് കരുതുന്നു. പുരാതന സമുദ്രജലം കാരണമാണ് ബ്ലഡ് ഫാൾസിലെ വെള്ളത്തിൽ ഉപ്പ് ഉള്ളത്. അമിതഅളവിലെ ഉപ്പും ഇരുമ്പ് ഓക്സൈഡിൻ്റെ ഉയർന്ന സാന്ദ്രതയും, ബാക്ടീരിയ, ആർക്കിയ പോലുള്ള സൂക്ഷ്മാണുക്കൾ കാരണമാണ് തടാകത്തിലെ ഒരു പ്രത്യേക ഭാഗത്തു മാത്രം ചുവപ്പ് നിറം കാണപ്പെടുന്നത്.

2017-ൽ തന്നെ ടെയ്ലർ ഗ്ലേസിയറിൽ റഡാർ പരിശോധന നടത്തിയിട്ടുണ്ട്. ഗ്ലേസിയറിനു താഴെ നിരവധി നീളൻ വിള്ളലുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. അത്തരം 300 മീറ്റർ നീളമുള്ള ഒരു വിള്ളലിലൂടെയായിരുന്നു ഇരുമ്പുനിറഞ്ഞ ഉപ്പുവെള്ളം മുകളിലേക്ക് ഒഴുകിയെത്തുന്നത്. തടാകത്തിന്റെ മഞ്ഞുപാളികൾക്കു താഴെ ഉപ്പുവെള്ളത്തിൽ ഓക്സിജന്റെ അഭാവത്തിൽ ഒരു പ്രത്യേകതരം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ പഠനങ്ങൾക്ക് വഴി തുറന്നിരിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.