കുവൈത്ത് സിറ്റി: ഇറാനിലെ നിലവിലെ രാഷ്ട്രീയ-സൈനിക സാഹചര്യങ്ങളും ഇറാൻ വ്യോമപാത പൂർണ്ണമായും അടച്ചതും കണക്കിലെടുത്ത് കുവൈത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു (Kuwait Suspends Flights To Iran). ശനിയാഴ്ച ഉച്ചയോടെയാണ് ഇറാനിലേക്കുള്ള വിമാനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ കുവൈത്ത് തീരുമാനിച്ചത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നതിനാൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിലും വൻതോതിൽ സമയമാറ്റം ഉണ്ടായേക്കാം. വ്യോമപാതകൾ പുനഃക്രമീകരിക്കുന്നത് വരെ ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നും കുവൈത്ത് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ രാജ്‌ഹി അറിയിച്ചു. അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും അധികൃതർ കൂട്ടിചേർത്തു.
പശ്ചിമേഷ്യയിൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ കുവൈത്തിന് പുറമെ ഖത്തർ, യുഎഇ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ ഭാഗികമായോ പൂർണ്ണമായോ അടച്ചിട്ടുണ്ട്. ഇത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്ര ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയും പ്രവാസികൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Summary: Kuwait has suspended all flights to Iran and cancelled scheduled departures following the complete closure of Iranian airspace due to escalating military conflict. Authorities warned that other international routes might also face delays as airlines reorganize flight paths to bypass the conflict zone.

