കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽത്ത നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മിന്നും ജയം. ഒരു ലക്ഷത്തിലധികം (1,00,921) വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ മണ്ഡലത്തിൽ നിന്നും വിജയം വരിച്ചത് (West Bengal Falta Assembly By Election). ആകെ 1,49,666 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാർത്ഥി ഇവിടെ അക്കൗണ്ടിലാക്കിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ മറ്റ് മുന്നണികൾക്ക് കഴിഞ്ഞില്ല. 40,645 വോട്ടുകൾ നേടിയ സി.പി.എമ്മിന്റെ ശംഭുനാഥ് കുർമിയാണ് മണ്ഡലത്തിൽ രണ്ടാമത് എത്തിയത്. കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസ്സാഖ് മൊല്ല 10,084 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതേസമയം, വൻ ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് മത്സരരംഗത്തു നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7,783 വോട്ടുകളോടെ നാലാം സ്ഥാനത്താവുകയും ചെയ്തു.
തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ വൻതോതിൽ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നു എന്ന മറ്റ് പാർട്ടികളുടെ ശക്തമായ ആരോപണത്തെ തുടർന്നാണ് ഫാൽത്തയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗ് പ്രഖ്യാപിച്ചത്. റീപോളിംഗിൽ തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി പിന്മാറിയതോടെ മത്സരം പൂർണ്ണമായും ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലായി മാറുകയായിരുന്നു. ഫാൽത്തയിലെ ഈ തകർപ്പൻ വിജയത്തോടെ 294 അംഗങ്ങളുള്ള പശ്ചിമ ബംഗാൾ നിയമസഭയിൽ ബി.ജെ.പിയുടെ ആകെ അംഗബലം 208 ആയി ഉയർന്നു. തൃണമൂലിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് ബി.ജെ.പി സ്വന്തമാക്കിയ ഈ കൂറ്റൻ വിജയം ബംഗാൾ രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
Summary: BJP candidate Debangshu Panda secured a landslide victory in the Falta assembly constituency by-election in West Bengal with a massive majority of over one lakh votes. CPM candidate Shambhunath Kurmi came a distant second, while the Congress candidate finished third in the multi-cornered contest. Following allegations of widespread malpractices, the TMC candidate had withdrawn from the re-polling, pushing the BJP’s total strength in the 294-member Bengal assembly to 208.

