കവരത്തി: ലക്ഷദ്വീപിൽ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ആഴ്ചയിലൊരിക്കലുള്ള വാഹന നിയന്ത്രണം റമസാൻ മാസം കഴിയുന്നത് വരെ നടപ്പിലാക്കില്ല. ബുധനാഴ്ചകളിൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ ഈ വിവരം അറിയിച്ചത്.(Wednesday vehicle restrictions in Lakshadweep will not be implemented until Ramzan, Administrator explains in High Court)
ഈ മാസം 25 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്ന ഉത്തരവാണ് ഇപ്പോൾ റമസാൻ പ്രമാണിച്ച് താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നത്. കേസ് മാർച്ച് 16-ന് കോടതി വീണ്ടും പരിഗണിക്കും. ദ്വീപ് നിവാസികൾക്കിടയിൽ സൈക്ലിംഗും കാൽനടയാത്രയും പ്രോത്സാഹിപ്പിക്കുക വഴി ആരോഗ്യനില മെച്ചപ്പെടുത്തുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രകൃതിരമണീയമായ ലക്ഷദ്വീപിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഈ തീരുമാനം അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെ നേരത്തെയുള്ള വിശദീകരണം.

