ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, എല്ലാ പാർലമെന്റ് അംഗങ്ങളോടും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകൾ പാർലമെന്റിനെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രീയത്തിന് അതീതമായി ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.(Vote according to your conscience, PM Modi before voting on Women’s Reservation Amendment Bill)
ബില്ലിനെച്ചൊല്ലിയുള്ള എല്ലാ സംശയങ്ങൾക്കും സർക്കാർ മറുപടി നൽകിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. ഓരോ അംഗവും സ്വന്തം മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യണം. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഓർത്ത് ശരിയായ തീരുമാനം എടുക്കാൻ എല്ലാവരും തയ്യാറാകണം. സ്ത്രീകൾക്ക് അവകാശം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ പ്രതിപക്ഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് തടയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബില്ല് പാസാകാൻ 360 എം.പിമാരുടെ പിന്തുണയാണ് സർക്കാരിന് ആവശ്യം. ബിജെപി ക്യാമ്പ് വലിയ പ്രതീക്ഷയിലാണെങ്കിലും പ്രതിപക്ഷത്തിന്റെ നിലപാട് നിർണ്ണായകമാകും. അതേസമയം, പുതിയ ബില്ലിന്റെ ചർച്ചകൾക്കിടെ 2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിലായതായി വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ചർച്ചകൾ നടക്കുമ്പോൾ തന്നെ ഏപ്രിൽ 16 മുതൽ നിയമം പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ചെയ്തത് സഭയെ അവഹേളിക്കലാണെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണ്ണയം വലിയ തിരിച്ചടിയാകുമെന്ന് ഡിഎംകെ എം.പി കനിമൊഴി ആരോപിച്ചു. ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിന്റെ അതേ വേഗതയാണ് സർക്കാർ മണ്ഡല പുനർനിർണ്ണയത്തിൽ കാണിക്കുന്നതെന്നും ഇത് സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ വലിയ അന്തരം സൃഷ്ടിക്കുമെന്നും ശശി തരൂർ പറഞ്ഞു. വോട്ടെടുപ്പ് ഫലം രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.

