ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. വിരുദുനഗറിലെ കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമ്മാണ ശാലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വൻ സ്ഫോടനമുണ്ടായത് (Virudhunagar Fireworks Explosion). ആദ്യം 17 മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്.
അപകടസമയത്ത് മുപ്പതോളം തൊഴിലാളികൾ യൂണിറ്റിലുണ്ടായിരുന്നു. 19 പേർ കൊല്ലപ്പെട്ടതായും ആറോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്തത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രണ്ട് മന്ത്രിമാരോട് അടിയന്തരമായി സംഭവസ്ഥലത്തേക്ക് തിരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ജില്ലാ കളക്ടറുമായി സംസാരിച്ച മുഖ്യമന്ത്രി, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.
ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ പൂർണ്ണമായും അണച്ചത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തപ്പോഴാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് അവധി പ്രമാണിച്ച് ഞായറാഴ്ച ജോലിക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: The death toll in the devastating explosion at Vanaja Fireworks in Kattanarpatti, Virudhunagar, has risen to 19. While initial reports confirmed 17 deaths, two more bodies were recovered from the debris during rescue operations. Six others sustained serious injuries and are undergoing treatment. Tamil Nadu CM M.K. Stalin expressed his condolences and dispatched two ministers to oversee relief efforts. He assured full support from the state government and urged the District Collector to expedite all necessary assistance to the victims’ families.

