ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ പാലിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം, വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Wife kills husband with snakebite). ഉത്തർപ്രദേശിലെ മീററ്റിലുള്ള (Meerut) ഹസ്തിനാപൂർ മേഖലയിലാണ് സിനിമകളെപ്പോലും വെല്ലുന്ന ക്രൂരമായ ആസൂത്രിത കൊലപാതകം അരങ്ങേറിയത്.
32-കാരനായ അതുൽ കുമാർ പൻവാർ ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ദാമിനി, കാമുകൻ തുഷാർ എന്നിവരെ മീററ്റ് പോലീസ് അറസ്റ്റ് ചെയ്തു. ദാമിനിയും തുഷാറും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തെ അതുൽ ശക്തമായി എതിർത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ ഒഴിവാക്കുന്നതിനൊപ്പം അതുലിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ചേർന്ന് ഈ കൊടുംക്രൂരത ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഹസ്തിനാപൂരിൽ ദാമിനിക്കൊപ്പം ചേർന്നാണ് അതുൽ ‘കൃഷ്ണ കിഡ്സ് പ്ലേ സ്കൂൾ’ നടത്തിവന്നിരുന്നത്. 2019-ലായിരുന്നു ഇവരുടെ വിവാഹം. ഈ പ്ലേ സ്കൂളിൽ ഡ്രൈവറായി ജോലിക്ക് ചേർന്ന തുഷാറുമായി ദാമിനി പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതുലിനെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സാധാരണ മരണമെന്ന രീതിയിൽ സംസ്കാരം നടത്താനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ മരണത്തിൽ സംശയം തോന്നിയ പോലീസ് ദാമിനിയെയും തുഷാറിനെയും കസ്റ്റഡിയിലെടുത്ത് പ്രത്യേകം ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നത്. വെള്ളിയാഴ്ച രാത്രി അതുലിന് നൽകിയ പാലിൽ ദാമിനി ഉറക്കഗുളിക കലർത്തുകയായിരുന്നു. തുടർന്ന് അതുൽ ബോധരഹിതനായതോടെ തുഷാറിന്റെ സഹായത്തോടെ മുറിയിൽ പാമ്പിനെ തുറന്നുവിട്ട് കടിപ്പിച്ചു. കടുത്ത വിഷമുള്ള ഇനത്തിൽപ്പെട്ട പാമ്പായതിനാൽ അതുൽ തൽക്ഷണം മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്ക് പാമ്പിനെ നൽകിയ രണ്ട് പാമ്പാട്ടികളെയും (Snake Charmers) പോലീസ് കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary: The Meerut police in Uttar Pradesh arrested a woman named Damini and her lover Tushar for murdering her husband, Atul Kumar Panwar (32), by staging a snakebite. Atul, who ran a play school with his wife, opposed her relationship with Tushar, the school’s driver. The duo plotted the murder to eliminate Atul and claim his ₹20 Lakh insurance. Damini spiked Atul’s milk with sleeping pills and used a venomous snake to bite him while he was unconscious. The police have also arrested two snake charmers who supplied the reptile.


