ഐടി മേഖലയിലെ വിശ്വസ്തതയ്ക്ക് കമ്പനികൾ നൽകുന്ന വിലയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന് ഒരു വനിതാ ടെക്കിയുടെ രാജി. ഒരു പ്രമുഖ പ്രൊഡക്ട് കമ്പനിയിൽ ഡാറ്റ/എഐ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ ലീഡായി ജോലി ചെയ്തിരുന്ന യുവതിയാണ്, തനിക്ക് ലഭിച്ച 3 ശതമാനം ശമ്പളവർദ്ധനവിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ചത് (Techie Quits Over 3 Percent Hike). പ്രതിവർഷം 50 ലക്ഷം രൂപയോളം ശമ്പളം വാങ്ങിയിരുന്ന ഇവർ റെഡ്ഡിറ്റിലൂടെയാണ് തന്റെ അനുഭവം പങ്കുവെച്ചത്.
വർഷങ്ങളോളം ഒരേ കമ്പനിയിൽ വിശ്വസ്തതയോടെ തുടർന്നുവെന്നും മികച്ച അവസരങ്ങൾ വന്നിട്ടും ടീമിനോടുള്ള സ്നേഹം കാരണം അവ വേണ്ടെന്നു വെച്ചുവെന്നും യുവതി പറയുന്നു. എന്നാൽ ഇത്തവണത്തെ അപ്രൈസൽ തന്നെ ഞെട്ടിച്ചു കളഞ്ഞു. കുറഞ്ഞ ശമ്പളവർദ്ധനവിനെക്കുറിച്ച് മാനേജ്‌മെന്റിനോട് സംസാരിച്ചപ്പോൾ വ്യക്തമല്ലാത്ത മറുപടികളാണ് ലഭിച്ചത്. പകരം കുറച്ച് ഇസോപ്പുകൾ (ESOPs) നൽകാമെന്ന വാഗ്ദാനം ലഭിച്ചെങ്കിലും അത് അർഹമായ പ്രതിഫലമായി തോന്നിയില്ലെന്നും അവർ കുറിച്ചു.
I stayed loyal for years. A 3 percent hike made me realize what was really going on.
by
u/Data-Maiden in
IndianWorkplace
മറ്റ് ടീമുകളിലെ പലർക്കും 10 ശതമാനത്തിലധികം വർദ്ധനവ് ലഭിച്ചപ്പോഴാണ് തനിക്ക് ഈ അവഗണന നേരിടേണ്ടി വന്നത്. സാങ്കേതിക മേഖലയിലെ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന സ്ത്രീകൾക്ക് ഇപ്പോഴും അദൃശ്യമായ തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. മികച്ച ശമ്പളത്തോടെ മറ്റൊരു കമ്പനിയിൽ ജോലി ലഭിച്ച ശേഷമാണ് താൻ രാജി സമർപ്പിച്ചതെന്നും, അതിനുശേഷം തന്നെ നിലനിർത്താൻ കമ്പനി സമ്മർദ്ദം ചെലുത്തിയെന്നും യുവതി വെളിപ്പെടുത്തി.
യുവതിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കമ്പനികളോടുള്ള അമിത വിശ്വസ്തത ജീവനക്കാർക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇന്നത്തെ വിപണിയിലെ കടുത്ത മത്സരത്തിനിടയിൽ ജോലി മാറ്റം അത്ര എളുപ്പമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

