ചെന്നൈ: രാജ്യതലസ്ഥാനത്തെ പിടിച്ചുലച്ച മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയയ്ക്കും അനുകൂലമായ വിധിയുണ്ടായതിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഡൽഹി റോസ് അവന്യൂ സിബിഐ കോടതി ഇരുവരേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കൃത്യമായ തെളിവുകളില്ലാതെ പ്രതികളെ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.(Should feel ashamed, MK Stalin on court verdict in favour of Arvind Kejriwal)
എന്ത് തെളിവുകളുടെയോ മൊഴികളുടെയോ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തതെന്ന് കോടതി ചോദിച്ചു. കുറ്റപത്രത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ യാതൊരു കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതി വിധി പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്ന നടപടിയിൽ കേന്ദ്രത്തിന് ലജ്ജ തോന്നണം. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും തളരാതെ പോരാടിയ കെജ്രിവാളിനെയും സിസോദിയയെയും അഭിനന്ദിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

