ചണ്ഡീഗഢ്: ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ അംഗങ്ങൾ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. മെയ് അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൂടിക്കാഴ്ച നിശ്ചയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.(Punjab CM Bhagwant Mann to meet President Murmu on May 5)
പഞ്ചാബിൽ നിന്നുള്ള ആറ് വിമത എംപിമാരെ ‘തിരിച്ചുവിളിക്കണമെന്ന്’ ഔദ്യോഗികമായി ആവശ്യപ്പെടാനാണ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണുന്നത്. രാജ്യസഭയിലെ എഎപിയുടെ ആകെയുള്ള പത്ത് അംഗങ്ങളിൽ ഏഴ് പേർ ഏപ്രിൽ 24-നാണ് ബിജെപിയിൽ ചേർന്നത്. ഇത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.
എഎപി എംഎൽഎമാരുടെ പ്രതിനിധി സംഘത്തോടൊപ്പമാണോ മൻ രാഷ്ട്രപതിയെ കാണുക എന്ന കാര്യത്തിൽ ബുധനാഴ്ച മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ ‘തിരിച്ചുവിളിക്കാൻ’ നിലവിൽ വ്യവസ്ഥകളില്ല. മുഖ്യമന്ത്രിയുടെ ഈ നീക്കം ഒരു “ശക്തിപ്രകടനം” മാത്രമാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുമ്പോൾ, ശിരോമണി അകാലിദൾ ഇതിനെ “രാഷ്ട്രീയ നാടകം” എന്ന് വിശേഷിപ്പിച്ചു.

