ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര (Priyanka Gandhi on Women’s Reservation Bill). രാഷ്ട്രീയ സമവായമുണ്ടായിരുന്ന പഴയ വനിതാ സംവരണ ബിൽ അടിയന്തരമായി വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.
“എല്ലാ കക്ഷികളും നേരത്തെ അംഗീകരിച്ച പഴയ വനിതാ സംവരണ ബിൽ വരും തിങ്കളാഴ്ച തന്നെ സഭയിൽ കൊണ്ടുവരൂ. സഭ ചേർന്ന് ആ ബിൽ അവതരിപ്പിക്കട്ടെ, അപ്പോൾ കാണാം ആരാണ് സ്ത്രീവിരുദ്ധരെന്ന്. ഞങ്ങൾ എല്ലാവരും അതിനെ വോട്ട് ചെയ്ത് പിന്തുണയ്ക്കും,” എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ച പുതിയ വനിതാ സംവരണ ബിൽ കഴിഞ്ഞ ദിവസമാണ് ലോക്സഭയിൽ പരാജയപ്പെട്ടത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ തള്ളിയത്. 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു.
വനിതാ സംവരണത്തെ തങ്ങൾ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ അത് മണ്ഡല പുനർനിർണ്ണയവുമായും സെൻസസുമായും ബന്ധിപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇത് തിരഞ്ഞെടുപ്പ് ഘടനയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ചരിത്രപരമായ ഒരു പരിഷ്കാരം പ്രതിപക്ഷം ചേർന്ന് അട്ടിമറിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ഇതിന് പ്രതിപക്ഷം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകി. വനിതാ സംവരണത്തെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഈ പ്രസ്താവന സൂചിപ്പിക്കുന്നു.
Summary: Congress MP Priyanka Gandhi Vadra challenged the Central Government to reintroduce the original Women’s Reservation Bill on Monday, following the defeat of the 2026 Amendment Bill in the Lok Sabha. She asserted that the opposition would support a version of the bill that had previously gained broad political consensus, rather than the one linked to delimitation. While the BJP accused the opposition of being “anti-woman” for blocking the reform, Priyanka Gandhi shifted the challenge back to the government to see who truly supports gender representation without riders.

