കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും കെ.എസ്.യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് മാത്രം തീരുമാനിക്കാൻ സാധിക്കുമോ എന്ന് റോജി എം. ജോൺ ചോദിച്ചു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനകൾക്ക് അവരുടേതായ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, കെ.എസ്.യു തീരുമാനിക്കേണ്ട കാര്യങ്ങൾ അവർ തീരുമാനിക്കുമെന്നും കോൺഗ്രസും അതിന്റെ മറ്റ് പോഷക സംഘടനകളും ചെയ്യേണ്ട കാര്യങ്ങൾ അതത് സംഘടനകൾ കൃത്യമായി ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഭരണപരമായ തീരുമാനങ്ങൾ എടുക്കേണ്ടത് അതത് സംവിധാനങ്ങളാണെന്നും പാർട്ടിയിലെ ആഭ്യന്തര ചർച്ചകളെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ സ്കൂൾ നവീകരണ പദ്ധതിയായ പി.എം ശ്രീയുമായി (PM SHRI) മുന്നോട്ട് പോകാൻ യു.ഡി.എഫിന് രാഷ്ട്രീയമായി താല്പര്യമില്ലെന്നും റോജി എം. ജോൺ വ്യക്തമാക്കി. നിലവിലെ എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി ഈ പദ്ധതിയിൽ ഒപ്പിട്ടതിനെ അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന് ഒരു തരത്തിലും ഒഴിവാകാൻ കഴിയാത്ത വിധത്തിലുള്ള കഠിനമായ നിബന്ധനകൾ ഉൾപ്പെടുത്തിയാണ് എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Summary: Congress MLA Roji M. John reacted to the ongoing controversy over the High Court government pleader appointments, questioning whether every decision could be made in consultation with KSU and Youth Congress. Speaking in Kozhikode, he stated that while affiliate organizations have their own domains, official and administrative decisions follow their own course. He also criticized the LDF government for signing the PM SHRI school scheme, stating that UDF is not keen on moving forward with it due to binding central clauses.


