ന്യൂഡൽഹി: കേന്ദ്രസർക്കാർ അനുവദിച്ച പണം കൈപ്പറ്റാൻ പോലും കേരള സർക്കാർ തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേരളത്തിനായി 311.95 കോടി രൂപ അനുവദിച്ചിട്ടും ഈ തുക പിൻവലിക്കാൻ ആവശ്യമായ അപേക്ഷ പോലും സംസ്ഥാനം നൽകിയിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു.(No request has been received to withdraw the sanctioned money, Nirmala Sitharaman against Kerala)
കോൺഗ്രസ് എംപി മാണിക്കം ടാഗോറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. പണം അനുവദിച്ചാൽ മാത്രം പോരെന്നും അത് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാനം പൂർത്തിയാക്കണമെന്നും എന്നാൽ കേരളത്തിന്റെ ഭാഗത്തുനിന്ന് അതിനുള്ള നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി. വിവിധ പദ്ധതികൾക്കായി കേന്ദ്രം നീക്കിവെച്ച തുകയുടെ വിശദാംശങ്ങൾ ധനമന്ത്രി സഭയിൽ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ പ്രളയസാധ്യത തടയാനുള്ള പദ്ധതിക്കായി 222.22 കോടി രൂപ. വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യത കുറയ്ക്കാനുള്ള പദ്ധതിക്കായി 72 കോടി രൂപ. സംസ്ഥാനത്തെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 17.73 കോടി രൂപ എന്നിങ്ങനെയാണ് കണക്കുകൾ. കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുന്നു എന്നാരോപിച്ച് സംസ്ഥാന സർക്കാർ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ്, അനുവദിച്ച പണം പോലും കൈപ്പറ്റാത്ത കേരളത്തിന്റെ നടപടിയെ വിമർശിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

