ന്യൂഡൽഹി: കോക്ക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 70 പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ 5 ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റതായി സിറ്റി പോലീസ് അറിയിച്ചു. സ്പെഷ്യൽ കമ്മീഷണർക്കും വിവിധ ഡി.സി.പിമാർക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ, പ്രതിഷേധക്കാർ 20 ഓളം വാഹനങ്ങൾ തകർത്തതായും പോലീസ് ആരോപിക്കുന്നു.(CJP Delhi protest, Delhi Police detain 70 over CJP Jantar Mantar protest clash)
പ്രമുഖ നേതാക്കൾ പങ്കെടുത്ത ജന്തർമന്തറിലെ സമരപ്പന്തൽ പോലീസ് പൂർണ്ണമായും പൊളിച്ചുമാറ്റുകയും ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ച് പ്രതിഷേധക്കാരെ പ്രദേശത്തുനിന്ന് ഓടിക്കുകയും ചെയ്തിരുന്നു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രവർത്തകർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെയാണ് സംഘർഷം കടുപ്പമാർജ്ജിച്ചത്.
എന്നാൽ, പോലീസ് നടപടിയെ മറികടന്ന് രാത്രിയോടെ വീണ്ടും ജന്തർമന്തറിലേക്ക് തിരിച്ചെത്തിയ സമരക്കാർ പ്രദേശം ശുചീകരിച്ച് പന്തൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ്. സമരം കൂടുതൽ ശക്തമായി തുടരുമെന്നും പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സി.ജെ.പി നേതൃത്വം അറിയിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പ്രദേശത്ത് ദ്രുതകർമസേനയെവിന്യസിച്ചിട്ടുണ്ട്.
Story Summary
Tensions escalated in New Delhi as the CJP protest march to Parliament turned violent, resulting in 70 detentions and injuries to 118 police personnel, including 5 IPS officers. Police used tear gas and baton charges to clear the protest site at Jantar Mantar, which was occupied by prominent leaders like Sonam Wangchuk.


