ന്യൂഡൽഹി: വിസ നിയമലംഘനങ്ങളും മതിയായ യാത്രാരേഖകളുടെ അഭാവവും മൂലം 2025-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22,900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. അമേരിക്കയെക്കാൾ കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.(22,900 Indians deported in 2025, Gulf countries lead)
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത്; ആകെ 13,256 പേർ. ഇതിൽ 8,921 പേർ ജിദ്ദയിൽ നിന്നും 4,335 പേർ റിയാദിൽ നിന്നുമാണ്. യു.എ.ഇ 9,558 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം തിരിച്ചയച്ചത്. ഇതിൽ ദുബായിൽ നിന്ന് 7,896 പേരും അബുദാബിയിൽ നിന്ന് 1,662 പേരും ഉൾപ്പെടുന്നു.
അമേരിക്കയിൽ നിന്ന് കഴിഞ്ഞ വർഷം 3,806 ഇന്ത്യക്കാരെ നാടുകടത്തി. ഹൂസ്റ്റണിൽ നിന്ന് 234 പേർ, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 49, ന്യൂയോർക്കിൽ നിന്ന് 47 എന്നിങ്ങനെയാണ് അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ള കണക്കുകൾ. ഇതിന് പുറമെ മലേഷ്യയിൽ നിന്ന് 1,675 പേരെയും മ്യാൻമറിൽ നിന്ന് 1,605 പേരെയും നാടുകടത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ നിന്ന് 300 പേരും ബ്രിട്ടനിൽ നിന്ന് 70 പേരും ഇത്തരത്തിൽ നിയമനടപടികൾ നേരിട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
അമേരിക്കയിൽ നിന്ന് തിരിച്ചയക്കപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കളാണ്. ഇതിൽ പലരെയും കൈവിലങ്ങ് അണിയിച്ച് വിമാനത്താവളങ്ങളിൽ എത്തിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാടുകടത്തപ്പെടുന്നവരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് യുഎസ് അധികൃതരോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശജോലി സ്വപ്നം കണ്ട് ഏജന്റുമാർക്ക് 50 ലക്ഷം രൂപ വരെ നൽകി വഞ്ചിതരാകുന്നവരാണ് ഇത്തരത്തിൽ ദുരിതത്തിലാകുന്നതെന്ന് രൺദീപ് സിങ് സുർജേവാല ചൂണ്ടിക്കാട്ടി. വീടും വസ്തുവകകളും പണയപ്പെടുത്തിയും കടം വാങ്ങിയും പോകുന്ന യുവാക്കൾ ഒടുവിൽ നിയമനടപടികൾ നേരിട്ട് വെറുംകൈയോടെ മടങ്ങേണ്ടി വരുന്നത് വലിയ സാമൂഹിക ആഘാതമാണ് സൃഷ്ടിക്കുന്നത്.

