ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ നേതാവ് ബിന്ദു വിനയകുമാർ. ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും ശോഭ സമാനമായ രീതിയിൽ വോട്ടിന് പണം നൽകിയിട്ടുണ്ടെന്നും, ശോഭയുടെ ഫോട്ടോഗ്രാഫറുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബിന്ദു ആരോപിച്ചു.(Woman leader makes more serious allegations against Sobha Surendran)
മരണം അന്വേഷിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ഈ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു. ശോഭയെ സംസ്ഥാന നേതൃത്വത്തിന് ഭയമാണെന്ന് ബിന്ദു വിനയകുമാർ പറഞ്ഞു. ബിജെപിയിൽ കഷ്ടപ്പെടുന്നവർ അവഗണിക്കപ്പെടുകയാണെന്നും അവർ വെളിപ്പെടുത്തി.
ശോഭ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടി നടപടി എടുക്കുന്നില്ലെന്നും ബിന്ദു കുറ്റപ്പെടുത്തി. ശോഭയ്ക്കെതിരെ പരാതി നൽകിയതിന് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട നേതാവാണ് ബിന്ദു വിനയകുമാർ. 30 വർഷം പാർട്ടിക്കായി പ്രവർത്തിച്ചിട്ടും തനിക്കെതിരെ നടപടിയെടുത്തതിൽ വിഷമമുണ്ടെന്നും, എന്നാൽ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും അവർ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് മുതൽ പ്രധാനമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും സംസ്ഥാന നേതൃത്വം കണ്ണടയ്ക്കുകയാണെന്നും ബിന്ദു വിനയകുമാർ കൂട്ടിച്ചേർത്തു.

