കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്‌മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോൽവി ഭയന്ന സിപിഎം അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(VD Satheesan says the announcement in Perambra is similar to the Kafir screenshot)
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെതിരെ വടകരയിൽ പ്രചരിപ്പിച്ച ‘കാഫിർ’ സ്ക്രീൻഷോട്ടിന് സമാനമായ വർഗീയ ധ്രുവീകരണമാണ് പേരാമ്പ്രയിലും ലക്ഷ്യമിടുന്നത്. വടകരയിൽ തെളിവുണ്ടായിട്ടും പ്രതികളെ പിടികൂടാതെ പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. സർക്കാരിനെതിരായ ജനവികാരത്തിൽ നിന്ന് രക്ഷപ്പെടാൻ മതസ്പർദ്ധ വളർത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം കാത്തിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
സമൂഹത്തിൽ വർഗീയത കലർത്താൻ ശ്രമിച്ചവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ പ്രചാരണം നടത്താൻ ശ്രമിച്ചുവെന്ന സംഭവത്തിലാണ് ഈ പ്രതികരണം.

