കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ അധ്യാപകർ വിദ്യാർത്ഥികളെ മാനസികമായി വേട്ടയാടിയിരുന്നതായി വെളിപ്പെടുത്തി സഹപാഠികൾ. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അധ്യാപകനായ ഡോ. എം.കെ. റാമടക്കമുള്ളവർക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയത്.(Students expose brutal body shaming by teachers in Nitin Raj’s death)
നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിദ്യാർത്ഥികളെ അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നു. കുട്ടികളെ ബ്ലാക്കി, വൈറ്റി, കോക്ക്‌റോച്ച് എന്നിങ്ങനെ വിളിക്കുന്നത് പതിവായിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അക്കാദമിക് ഡീനിന് പലതവണ രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ മാനേജ്‌മെന്റ് ഈ പരാതികളൊന്നും ഫയലിൽ സ്വീകരിച്ചില്ല.
ഇന്റേണൽ മാർക്കും ഹാജറും കുറയ്ക്കുമെന്ന ഭീഷണി ഉള്ളതുകൊണ്ടാണ് പലരും പരാതിപ്പെടാൻ മടിച്ചത്. ഓരോ തവണയും വിദ്യാർത്ഥികളെ ടാർഗെറ്റ് ചെയ്യുന്നത് അധ്യാപകർ പതിവാക്കിയിരുന്നു. നിതിൻ രാജിന് നീതി ലഭിക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിക്കാനാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം.

