കൊല്ലം: ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തുടങ്ങിയ നായയുടെ ആക്രമണം പിറ്റേന്ന് രാവിലെ ഒൻപതര വരെ നീണ്ടുനിന്നു. വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറിയും വഴിയിൽ നിന്നവരെയുമാണ് നായ ലക്ഷ്യം വെച്ചത്.(Stray dog scare in Kollam, Several people injured)
ആനയടി പാറ ജംക്‌ഷന് സമീപം വീട്ടിൽ ഉറങ്ങുകയായിരുന്ന 78 കാരി മണിയമ്മയെ വീടിനുള്ളിൽ കയറി നായ ആക്രമിച്ചു. കടിയേറ്റ മണിയമ്മയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സമീപത്തെ വരാന്തയിൽ ഉറങ്ങുകയായിരുന്ന ശിവദാസനെ ആക്രമിച്ചു. ഇയാളുടെ തലയ്ക്കും മൂക്കിനുമാണ് പരിക്കേറ്റത്.
അരുവന്നൂർവിളയിൽ ഗോപിനാഥൻ പിള്ള, ഉണ്ണിക്കൃഷ്ണ പിള്ള എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ആനയടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ചക്കുവള്ളിയിൽ വച്ച് 84 കാരനായ ജോർജ്, മകൻ അനിൽ ജോർജ് എന്നിവർക്ക് കടിയേറ്റു. ജോർജിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കുവള്ളി ടൗൺ വാർഡിൽ മുറ്റത്ത് നിൽക്കുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിക്കും നായയുടെ ആക്രമണമേറ്റു.

