Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT ഇന്ന് സന്നിധാനത്ത്; സാമ്പിൾ ശേഖരിക്കും, ശബരിമല...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT ഇന്ന് സന്നിധാനത്ത്; സാമ്പിൾ ശേഖരിക്കും, ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി | Sabarimala

🎙️ Latest Podcast

Always plays the latest podcast episode

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ തുടർപരിശോധന.(Sabarimala gold theft case, SIT at Sannidhanam today, Samples will be collected)

ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധർ അന്വേഷണ സംഘത്തോടൊപ്പമുണ്ടാകും. മാസപൂജയ്ക്കായി ഇന്ന് വൈകിട്ട് നട തുറക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി നട അടച്ച ശേഷമായിരിക്കും സ്വർണ്ണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുക. ശേഖരിക്കുന്ന സാമ്പിളുകൾ വിദഗ്ധ ലാബ് പരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ കുറ്റപത്രം തയ്യാറാക്കുന്നതിൽ ഈ പരിശോധനാഫലം നിർണ്ണായകമാകും.

ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി. ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. രേഖകളുടെ ഡിജിറ്റൈസേഷൻ നടപടികൾ ഇതിനോടകം ആരംഭിച്ചതായും ആറുമാസത്തിനകം ഇത് പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ ‘കെ-സ്മാർട്ട്’ മാതൃകയിലുള്ള അത്യാധുനിക ഡിജിറ്റൽ സംവിധാനമാണ് ക്ഷേത്രങ്ങൾക്കായും ഒരുക്കുന്നത്. ഇതിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിൽ കൺസൾട്ടൻസിയായ കിറ്റ്ഫ്ര സമയക്രമം കോടതിയെ ബോധിപ്പിച്ചു. കെ-സ്മാർട്ട് വികസിപ്പിക്കാൻ 70 കോടി രൂപ ചെലവായെങ്കിലും, ക്ഷേത്രങ്ങൾക്കായുള്ള സംവിധാനം അതിൽ കുറഞ്ഞ ചെലവിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് കിറ്റ്ഫ്ര എം.ഡി. ഡോ. സന്തോഷ് ബാബു കോടതിയിൽ വിശദീകരിച്ചു. പദ്ധതിയുടെ പുരോഗതിയിൽ നിലപാടറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കെ.എസ്. ബൈജുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് ബൈജു സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകിയത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.