തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. അതേസമയം, തനിക്കെതിരായ പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ജാമ്യ ഉത്തരവിലെ തന്ത്രിയുടെ വാദങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവതീ പ്രവേശന വിഷയത്തിൽ ആചാരലംഘനത്തെ എതിർത്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ് ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.(Sabarimala gold theft case, A Padmakumar granted bail)
ശബരിമലയിലെ യുവതീ പ്രവേശന സമയത്ത് സർക്കാർ നിലപാടിനെതിരെ ശക്തമായ നിലപാടെടുത്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. സന്നിധാനത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഭരണകക്ഷിയിലെ പ്രമുഖർക്കും തന്നോട് വ്യക്തിപരമായ വിരോധമുണ്ടായിരുന്നു. ഭരണകക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വം കഥ മെനയുകയായിരുന്നു. തനിക്ക് ക്ഷേത്രത്തിൽ താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളതെന്നും സ്വർണ്ണപ്പാളികൾ കൈമാറുന്നതുൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളിൽ പങ്കില്ലെന്നുമുള്ള അദ്ദേഹത്തിൻ്റെ വാദം കോടതി അംഗീകരിച്ചു.
തന്ത്രിക്ക് സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ഹാജരാക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കർശന ഉപാധികളോടെ തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.
ശബരിമല കട്ടിളപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ പത്മകുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.
കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യഹർജി ഫെബ്രുവരി 23-ന് പരിഗണിക്കും. മോശം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായുള്ള നീക്കം. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ കസ്റ്റഡി അനിവാര്യമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കാത്ത സാഹചര്യത്തിലാണ് ബെഞ്ചിന്റെ നടപടി.
അറസ്റ്റ് തടഞ്ഞുകൊണ്ട് ജയശ്രീക്ക് ഈ കേസിൽ ഒരു പ്രത്യേക ആനുകൂല്യമാണ് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ എന്ന പരിഗണന മുൻനിർത്തിയാണ് ജാമ്യം അനുവദിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ച് ദേവസ്വം സെക്രട്ടറിയായി വിരമിച്ച ജയശ്രീക്ക് ശബരിമലയിലേത് സ്വർണ്ണപ്പാളിയാണോ ചെമ്പ് പാളിയാണോ എന്ന് തിരിച്ചറിയാൻ അറിയില്ലായിരുന്നോ എന്ന് കോടതി വാക്കാൽ ചോദിച്ചു. എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. ഇതിനകം തന്നെ ജയശ്രീയുടെ സാമ്പിൾ ഒപ്പ് ഉൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
നേരത്തെ ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി രണ്ട് തവണ തള്ളിയിരുന്നു. തുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ സർക്കാർ നിലപാട് നിർണ്ണായകമായി. എസ്.ഐ.ടിയുമായി സംസാരിച്ച് നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചതോടെ ജാമ്യത്തിനുള്ള തടസ്സം നീങ്ങി.

