തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ ‘ശബരി’ പുട്ടുപൊടി നൽകുന്ന ക്യാമ്പയിനാണ് സപ്ലൈകോ അവതരിപ്പിച്ചത്. ജില്ലാ ഭരണകൂടം, സ്വീപ് എന്നിവയുമായി സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.(Rice powder for one rupee, Supplyco’s offer for voters)
ഏപ്രിൽ 9-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷിയടയാളവുമായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഏപ്രിൽ 10, 11 തീയതികളിൽ ഓഫർ ലഭ്യമാകും. സപ്ലൈകോയിൽ നിന്ന് സബ്സിഡിയില്ലാത്ത സാധനങ്ങൾ 1000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്കാണ് ഒരു രൂപയ്ക്ക് പുട്ടുപൊടി ലഭിക്കുക.
വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം ഔട്ട്ലെറ്റുകളിൽ പരിശോധിക്കും. ജനാധിപത്യ പ്രക്രിയയിൽ പരമാവധി ആളുകളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വേറിട്ട പരീക്ഷണമെന്ന് അധികൃതർ അറിയിച്ചു.

