തിരുവനന്തപുരം: പാകിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള അതിസാഹസത്തിന് മുതിർന്നാൽ ഇന്ത്യയുടെ പ്രതികരണം മുമ്പെങ്ങുമില്ലാത്ത വിധം കടുത്തതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ മാസം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അനുസ്മരിച്ച അദ്ദേഹം, മാതൃരാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികർക്ക് ബിജെപി സർക്കാർ എപ്പോഴും ഉയർന്ന ബഹുമാനമാണ് നൽകുന്നതെന്ന് വ്യക്തമാക്കി.(Rajnath Singh Warns Pakistan Against Any Misadventure)
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ വെറും 22 മിനിറ്റ് മാത്രമാണ് ഇന്ത്യൻ സൈന്യം എടുത്തതെന്ന് മന്ത്രി പറഞ്ഞു. “ഇന്ത്യൻ സൈനിക ചരിത്രത്തിലെ ഭീകരവാദത്തിനെതിരെയുള്ള ഏറ്റവും വലിയ നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ ദൗത്യം ഇനിയും അവസാനിച്ചിട്ടില്ല. അതിർത്തിക്കപ്പുറത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ കൃത്യമായ മറുപടി മാത്രമല്ല, അഭൂതപൂർവ്വമായ നടപടിയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യം നേരിട്ട ഭീകരാക്രമണങ്ങളെ രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു. അക്കാലത്ത് മിക്ക ദിവസങ്ങളിലും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഭീകരാക്രമണമോ സ്ഫോടനമോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്നത്തെ സർക്കാർ വെറും രേഖകൾ കൈമാറുകയല്ലാതെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരവാദത്തോട് എൻഡിഎ സർക്കാരിന് ‘സീറോ ടോളറൻസ്’ നയമാണെന്നും അദ്ദേഹം ആവർത്തിച്ചു.
ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യയിലാകെ നിലനിൽക്കുന്ന ആശങ്കകളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. രാജ്യത്ത് ഇന്ധനത്തിനോ ഗ്യാസിനോ യാതൊരു ക്ഷാമവുമില്ല. ഏത് ഊർജ്ജ പ്രതിസന്ധിയും നേരിടാൻ ഇന്ത്യ സജ്ജമാണ്. പശ്ചിമേഷ്യയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ബിജെപി സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നയതന്ത്ര മികവ് ഉപയോഗിച്ച് ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ പ്രതിപക്ഷം ഈ വിഷയത്തിൽ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് പാർട്ടി രാഷ്ട്രീയത്തിന്റെ സമയമല്ലെന്നും എല്ലാ പാർട്ടികളും ഒന്നിച്ച് നിൽക്കേണ്ട സമയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

