കൊച്ചി: സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന എസ്. രാജേന്ദ്രൻ ദേവികുളം മണ്ഡലത്തിൽ ജനവിധി തേടണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). രാജേന്ദ്രന്റെ വരവോടെ ഇടുക്കി ജില്ലയിൽ പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. എന്നാൽ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ഏതായാലും ദേവികുളത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും.” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോൺഗ്രസിനെതിരെ: ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പട്ടിണി മാറ്റുമെന്ന് വാഗ്ദാനം നൽകിയതല്ലാതെ ഒന്നും പ്രവർത്തിച്ചില്ല. കോൺഗ്രസിന് ആവശ്യം ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണെന്നും അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുമെന്നും എന്നാൽ മുസ്ലീം ലീഗ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെല്ല് സംഭരണത്തിന് അധിക ബോണസ് നൽകുന്നത് വിപണി വില ഉയരാൻ കാരണമാകുമെന്നും ഇത് ഭക്ഷ്യ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊതുസാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം തീരുമാനമെടുത്തത്. ബോണസ് കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇളവ് വേണമെങ്കിൽ അവർക്ക് തീരുമാനമെടുക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഹൈറേഞ്ച് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



